2015, ജനുവരി 26, തിങ്കളാഴ്‌ച

നവമാനവികതയുടെ 22 തീസീസുകൾ - III



ഭാഗം മൂന്നു്


( പതിനഞ്ച്  മുതൽ ഇരുപത്തിരണ്ട് വരെ  തീസീസുകൾ


പതിനഞ്ച്

വിപ്ലവാത്മകവും വിമോചന പരവുമായ ഒരു സാമൂഹ്യ ദർശനത്തിൻറെ ധർമ്മം മനുഷ്യനാണ്  - ചിന്തിക്കുന്ന ജീവി എന്ന നിലയിൽ മനുഷ്യനാണ്  - തൻറെ ലോകത്തിന്റെ നിർമ്മാതാവ് എന്ന ചരിത്രത്തിൻറെ അടിസ്ഥാന വസ്തുതയ്ക്ക് ഊന്നൽ കൊടുക്കുകയാണ്  - വ്യക്തി എന്ന നിലയിൽ മാത്രമാണ് മനുഷ്യന് അത് സാധിക്കുക. മസ്തിഷ്ക്കം ഒരു ഉല്പാദനോപകരണമാണ് ; ഏറ്റവും വിപ്ലവകരമായ ചരക്കാണ് അതു് ഉല്പാദിപ്പിക്കുന്നത്. വിഗ്രഹഭജ്ഞകമായ ആശയങ്ങൾ ഉണ്ടായിരുന്നാലേ വിപ്ലവങ്ങൾ സാദ്ധ്യമാകൂ. തങ്ങളുടെ സർഗ്ഗശക്തിയെക്കുറിച്ച്  ബോധമുള്ള, ലോകത്തെ പുനർനിർമ്മാണം ചെയ്യാനുള്ള ഇച്ഛയാൽ ത്വരിക്കുന്ന, ആശയങ്ങളുടെ സാഹസികതയാൽ വികാരം കൊള്ളുന്ന, സ്വതന്ത്രരായ മനുഷ്യരുടെ സ്വതന്ത്ര സമുദായം എന്ന ആദർശത്താൽ ജ്വലിക്കുന്ന വ്യക്തികൾ എണ്ണത്തിൽ വർദ്ധിച്ചാൽ അവർക്ക് ജനാധിപത്യം സാദ്ധ്യമാകുന്ന അവസ്ഥ സൃഷ് ടിക്കാൻ കഴിയും.   

പതിനാറ്

സാമൂഹ്യപുരോഗതിയുടെ അടിസ്ഥാന തത്ത്വങ്ങൾ വീണ്ടും ഉറപ്പിക്കുന്ന തരത്തിലായിരിക്കണം സാമൂഹ്യ വിപ്ലവത്തിന്റെ രീതിയും പരിപാടിയും. സ്വാതന്ത്ര്യത്തിൻറെയും യുക്തിപൂർവമായ സഹകരണാത്മക ജീവിതത്തിൻറെ യും തത്ത്വങ്ങളെ സംബന്ധിച്ച് ജനങ്ങളെ ഉറച്ച തീരുമാനത്തോടെ വിശാലമായി വിദ്യാഭ്യാസം ചെയ്യിക്കാനുള്ള യത്നത്തിലൂടെ മാത്രമെ സാമൂഹ്യ നവോത്ഥാനം സംജാതമാവുകയുള്ളു. വിപ്ലവാനന്തര വ്യവസ്ഥിതിയുടെ സാമൂഹ്യ രാഷ്ട്രീയാടിത്തറ കെട്ടിപ്പടുക്കാൻ കഴിവുള്ള ജനകീയ സംഘങ്ങളായി ജനങ്ങൾ സംഘടിക്കപ്പെടും. സാമൂഹ്യ വിപ്ലവത്തിന്‌ പുതിയ നവോത്ഥാനത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ ധാരാളമായി ഉണ്ടാകണം; വേഗത്തിൽ പരക്കുന്ന ജനകീയ സമിതികളും ഉണ്ടാകണം. അവയെ ജീവത്തായി ഏകോപിപ്പിക്കുകയും വേണം. അതുപോലെത്തന്നെ വിപ്ലവ പരിപാടി സ്വാതന്ത്ര്യത്തിലും യുക്തിയിലും സാമൂഹ്യ രഞ്ജനത്തിലും അധിഷ്ഠിതമായിരിക്കും.സാമൂഹ്യ ജീവിതത്തിൻറെ എല്ലാ ചട്ടങ്ങളിലും നിന്നു് ഏതു രൂപത്തിലുള്ള കുത്തകയെയും സ്ഥാപിത താല്പര്യത്തെയും ഒഴിവാക്കുക എന്നതാണ് ഇതിൻറെ അർത്ഥം.  

പതിനേഴ്

മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുമാറ് സമൂഹത്തിൻറെ സാമ്പത്തിക ഘടനയെ പുന:സംവിധാനം ചെയ്യുക റാഡിക്കൽ ഡെമോക്രസിക്ക് ആവശ്യമാണ്‌. സമൂഹത്തിൻറെ അംഗങ്ങളായ വ്യക്തികളുടെ ബുദ്ധിപരമായ സിദ്ധികളുടെയും മറ്റ് സൂക്ഷ്മമായ മാനുഷിക നിലീന സിദ്ധികളുടെയും വികാസത്തിനുള്ള മുൻവ്യവസ്ഥയാണ് ഭൌതികാവശ്യ ങ്ങളുടെ പടിപടിയായുള്ള നിറവേറൽ. ജീവിത നിലവാരത്തിലുള്ള പടിപടിയായ ഉയർച്ച ഉറപ്പു വരുത്തുന്ന സാമ്പത്തിക പുന:സംവിധാനം റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രത്തിൻറെ അടിസ്ഥാനമായിരിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കു കുതിക്കണമെങ്കിൽ ബഹുജനങ്ങൾക്ക് സാമ്പത്തികമായ മോചനം ഉണ്ടായേ മതിയാവു.

പതിനെട്ട്

മനുഷ്യന്റെ ആവശ്യങ്ങളോട് ബന്ധപ്പെടുത്തി ഉല്പാദന വിതരണങ്ങൾ ക്രമീകരിച്ചതായിരിക്കും പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലെ സാമ്പത്തിക ഘടന. ജനങ്ങൾക്ക്‌ ഫലപ്രദമായി അധികാരം പ്രയോഗിക്കാൻ അവസരം നല്കാത്ത അധികാര നിയോഗം എന്ന നിലവിലിരിക്കുന്ന സമ്പ്രദായം അതിൻറെ രാഷ്ട്രീയ ഘടനയിൽ ഉണ്ടായിരിക്കുകയില്ല. ജനകീയ സമിതികളിലൂടെ പ്രായപൂർത്തിയായ എല്ലാവരും ഭരണത്തിൽ നേരിട്ട് പങ്കാളികളാവുക എന്ന അടിസ്ഥാനമായിരിക്കും അതിനുണ്ടാവുക. അറിവിൻറെ സാർവത്രികമായ വ്യാപനവും ഏറ്റവും കുറഞ്ഞ നിയന്ത്രണവും ശാസ്ത്രീയവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾക്ക് പരമാവധി സാദ്ധ്യതയും പ്രോത്സാഹനവും എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അതിൻറെ സംസ്കാരം. യുക്തിബോധത്തിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ പുതിയ സമൂഹം തീർച്ചയായും ആസൂത്രിതവും ആയിരിക്കും. എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാന ലക്ഷ്യമാക്കി വച്ചുകൊണ്ടുള്ളതായിരിക്കും ആസൂത്രണം. പുതിയ സമുദായം രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ജനാധിപത്യപരമായിരിക്കും. തത്ഫലമായി സ്വയം സംരക്ഷിക്കാൻ കഴിയുന്നതായിരിക്കും ജനാധിപത്യം.

പത്തൊൻപത്‌

സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം സൃഷ്ടിക്കാൻ നിശ്ചയം ചെയ്ത, ആത്മീയമായി സ്വതന്ത്രരായ, വ്യക്തികൾ സംഘടിച്ച് നടത്തുന്ന കൂട്ടായ യത്നത്തിലൂടെയാണ് റാഡിക്കൽ ഡെമോക്രസിയുടെ ആദർശം ഫലപ്രാപ്തിയിലെത്തുക. അവർ ഭാവി ഭരണാധികാരികൾ എന്ന നിലക്കല്ല, ജനങ്ങളുടെ വഴികാട്ടികളും സ്നേഹിതന്മാരും തത്ത്വദർശികളും എന്ന നിലയിൽ പ്രവർത്തിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ നിന്നു് വ്യതിചലിക്കാത്തതു കൊണ്ട് അവരുടെ പ്രവർത്തനം യുക്തിബദ്ധവും അതുകൊണ്ട് ധാർമ്മികവും ആയിരിക്കും. അവരുടെ യത്നം ജനങ്ങളുടെ സ്വാതന്ത്ര്യേച്ഛ വളരുന്നതനുസരിച്ച് പ്രാബല്ല്യപ്പെടുകയും ചെയ്യും. പ്രബുദ്ധമായ പൊതുജനാഭിപ്രായത്തിന്റെ പിന്തുണയും ജനങ്ങളുടെ ബുദ്ധിപൂർവ്വമായ പ്രവർത്തനവും കൊണ്ട് അന്തിമമായി റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രം ആവിർഭവിക്കും. അധികാര കേന്ദ്രീകരണവും സ്വാതന്ത്ര്യവും ഒന്നിച്ചു പോവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അതിൻറെ ലക്ഷ്യം അധികാരത്തിൻറെ കഴിയുന്നത്ര വിശാലമായ വ്യാപനമായിരിക്കും.

ഇരുപത്
അന്തിമ വിശകലനത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും അനുഗുണമായ സാമൂഹ്യ പുന:സംവിധാനത്തിനുള്ള ഉപാധി പൌരന്മാരുടെ വിദ്യാഭ്യാസമാണ്. പൗരന്മാരെ രാഷ്ട്രീയവും പൌരധർമ്മവും അഭ്യസിപ്പിക്കുന്ന പാഠശാലയായിരിക്കും റാഡിക്കൽ ഡെമോക്രാറ്റിക് രാഷ്ട്രം. അതിൻറെ ഘടനയും പ്രവർത്തനവും നിർമ്മമരായ വ്യക്തികൾക്ക് പൊതുകാര്യങ്ങളുടെ മുൻനിരയിൽ വരാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കും. ഇത്തരം ആളുകൾ സേവനം അനുഷ്ഠിക്കുന്ന രാഷ്ട്രീയ യന്ത്രം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിന് മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കാനുള്ള ഉപകരണമായിരിക്കുകയില്ല.ആത്മീയമായി സ്വതന്ത്രരായ വ്യക്തികൾ അധികാരത്തിൽ വന്നാലേ അടിമത്തത്തിന്റെ എല്ലാ ചങ്ങലകളെയും തകർത്ത് എല്ലാവരിലേക്കും സ്വാതന്ത്ര്യം എത്തുകയുള്ളു.

ഇരുപത്തിയൊന്ന്

റാഡിക്കലിസം ശാസ്ത്രത്തെയും സമുദായ സംഘടനയെയും ഏകീഭവിപ്പിക്കുകയും വ്യക്തിത്വത്തെയും കൂട്ടായ ജീവിതത്തെയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. അത് ധാർമ്മികവും ബുദ്ധിപരവും സാമൂഹ്യവുമായ ഉള്ളടക്കം സ്വാതന്ത്ര്യത്തിന്‌ നല്കുന്നു. സാമ്പത്തിക നിർണ്ണയവാദത്തിന്റെ യുക്തിക്കും ആശയങ്ങളുടെ ചലനാത്മകതക്കും അർഹമായ അംഗീകാരം ലഭിക്കുന്ന സാമൂഹ്യ പുരോഗതിയെ സംബന്ധിക്കുന്ന സമഗ്ര സിദ്ധാ ന്തം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ കാലഘട്ടത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള ഒരു പരിപാടിയും അതിൽനിന്നു തന്നെ ആവിർഭവിക്കുന്നു.

ഇരുപത്തിരണ്ട്

മനുഷ്യൻ  ആണ്‌ എല്ലാറ്റിന്റെയും മാനദണ്ഡം” (പ്രോട്ടഗോറസ് ) അല്ലെങ്കിൽമനുഷ്യനാണ് മാനവരാശിയുടെ വേര്‌”(മാർക്സ്) എന്ന സൂക്തത്തിൽ നിന്നാണ്‌ റാഡിക്കലിസം ആരംഭിക്കുന്നത്. ആത്മീയമായി വിമോചിതരായ ധാർമ്മിക മനുഷ്യരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്വതന്ത്ര മനുഷ്യരുടെ ഒരു കോമണ്‍വെൽത്തായും സൌഭ്രാത്രമായും ലോകത്തെ പുന:സംഘടിപ്പിക്കണമെന്ന് അതു് വാദിക്കുന്നു.    

( ഭാഷാന്തരം : പ്രൊഫ . തോമസ്‌  മാത്യു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.